Thursday, February 17, 2011

സമൂഹമനസാക്ഷിയെ വിചാരണ ചെയ്ത പെണ്‍പിറവി


താന്‍ എന്തിനീ മണ്ണില്‍ പിറക്കണമെന്ന് ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞ് ഭീതി കലര്‍ന്ന ശബ്ദത്തില്‍ സ്വന്തം അമ്മയോട് ചോദിക്കുമ്പോള്‍ അസ്വസ്ഥമാകുന്നത് മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത പ്രേക്ഷക മനസ്സാണ്. ആ ചോദ്യത്തിനുള്ള ഉത്തരം തേടിക്കൊണ്ടാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അണിയറയില്‍ തയ്യാറായ പെണ്‍പിറവി എന്ന നാടക യാത്ര കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിലങ്ങോളമിങ്ങോളമുള്ള നാടും നഗരവും ചുറ്റി യാത്ര ചെയ്തത്.

തെരുവ് നാടക പ്രസ്ഥാനത്തിന്റെ സമസ്ത സാദ്ധ്യതകളും ഉപയോഗപ്പെടുത്തി വേദിയേയും സദസ്സിനേയും ഒന്നാക്കി മാറ്റിക്കൊണ്ട് പെണ്‍പിറവി നാടകം സംവിധാനം ചെയ്തിരിക്കുന്നത് സാം കുട്ടി പട്ടംകരിയാണ്.ചിലപ്പോള്‍ പ്രേക്ഷകര്‍ക്കിടയിലേയ്ക്ക് ഇറങ്ങുകയും മറ്റുചിലപ്പോള്‍ അവര്‍ക്കിടയില്‍ നിന്ന് അരങ്ങിലേയ്ക്ക് കയറുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍,തങ്ങളിലൊരാളുടെ കഥയാണിതെന്ന തോന്നല്‍ പ്രേക്ഷകനിലുണ്ടാക്കുന്നു.


ആമുഖ ദൃശ്യത്തിലൂടെ പെണ്ണെന്നാല്‍ ചമയവും അലങ്കാരവുമാണെന്ന് ചിന്തിക്കുന്ന ലോകത്തെ കാട്ടിത്തരുമ്പോള്‍ തന്നെ ഉള്‍ക്കരുത്തിലോടെ ലോകത്തില്‍ മാറ്റങ്ങള്‍ വരുത്തിയ വനിതകളുടെ നീണ്ട നിര തന്നെയുണ്ടെന്നും നാടകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.അക്കമ്മ ചെറിയാന്റെയും ക്യാപ്ടന്‍ ലക്ഷ്മിയുടേയും മാധവിക്കുട്ടിയുടേയും ഗൌരിയമ്മയുടേയും മുതല്‍ മയിലമ്മയുടേയും ഈറോം ശര്‍മിളയുടേയും വരെ പേരുകള്‍
ഉച്ചത്തില്‍ ഉദ്ഘോഷിച്ചതിനൊപ്പം തന്നെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മാറുമറയ്ക്കാനുള്ള അവകാശത്തിനായി പോരാടിയ പേരറിയാത്ത അനേകം ചാന്നാര്‍ സ്ത്രീകളേയും കൂടി അവതരിപ്പിച്ചിട്ടാണ് നാടകം മുന്നോട്ട് നീങ്ങുന്നത്. തുടര്‍ന്ന്, നിഷ എന്ന പത്ര പ്രവര്‍ത്തകയെയും അവളുടെ ഗര്‍ഭസ്ഥയായ കുഞ്ഞും സംവദിക്കുന്ന ഭാവനാരംഗങ്ങള്‍ നവ്യമായൊരു ആവിഷ്കാരഭംഗിയില്‍ പ്രേക്ഷകന് മുന്നിലെത്തുന്നു.

പെണ്‍പിറവി നാടകയാത്രയെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലിന് കാവ്യയുടെ ബ്ലോഗ് കാണുക: http://bhavam-expressions.blogspot.com/2011/02/blog-post.html

നാടകയാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും പരിഷത് തിരുവനന്തപുരം ജില്ലാകമ്മറ്റിയുടെ ബ്ലോഗ് കാണുക. http://kssptvm.wordpress.com/

പരിഷത് നാടകങ്ങളെകുറിച്ചുള്ള ചര്‍ച്ച ഈ ബ്ലോഗും നടത്തുന്നു : http://ottayatippaatha.blogspot.com
/