Sunday, November 28, 2010

കലാകാരികള്‍ക്ക് അവസരവുമായി

പരിഷത് ജെന്‍ഡര്‍ കലാജാഥ

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഈ വര്‍ഷത്തെ കലാജാഥയുടെ -സമതയുടെ സന്ദേശമുയുര്‍ത്തുന്ന ജെന്‍ഡര്‍ കലാജാഥയുടെ - അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ ജാഥയില്‍ അഭിനയിക്കാന്‍ കലാകാരികള്‍ക്കും കലാകാരന്മാര്‍ക്കും അവസരമൊരുങ്ങന്നു.

അന്താരാഷ്ട്ര വനിതാദിനത്തിന്റെ "ശതാബ്ദി ആഘോഷത്തിന്റെ" ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് "സ്ത്രീ സൌഹൃദ പഞ്ചായത്തുകള്‍" എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തിച്ചുവരുകയാണ്. ഈ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഇത്തവണ ജെന്‍ഡര്‍ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന കലാജാഥയ്ക് രൂപം കൊടുക്കുന്നത്.

കേരള സമൂഹത്തിലെ സ്ത്രീ നേരിടുന്ന തുല്യതയുടെ പ്രശ്നങ്ങളും
, സമൂഹത്തിലെ സ്ത്രീയുടെ ദൃശ്യതയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി ജീവിക്കാന്‍ കഴിയുന്ന സമൂഹത്തിന്റെ പ്രസക്തിയുമൊക്കെ ഈ കലാജാഥയില്‍ ദൃശ്യവല്‍ക്കരിക്കും. ലഘു നാടകങ്ങളും സംഗീത ശില്പങ്ങളും ഗാനങ്ങളും കോര്‍ത്തിണക്കിയ കലാജാഥയില്‍ സജിത മഠത്തില്‍, ശ്രീജ ആറങ്ങോട്ടുകര, എന്‍. വേണുഗോപാല്‍, വി.എസ് ശ്രീകണ്ഠന്‍ തുടങ്ങിയവരുടെ രചനകളാണുള്ളത്. ഇവെയ കോര്‍ത്തിണക്കി രംഗാവിഷ്കാരം നിര്‍വ്വഹിക്കുന്നത് പ്രശസ്ത നാടക സംവിധായകനും കോറിയോഗ്രാഫറുമായ സാംകുട്ടി പട്ടങ്കരിയും.

കലാജാഥയുടെ നിര്‍മ്മാണ ക്യാമ്പ് പാലക്കാട് ഐ.ആര്‍.ടി.സി യില്‍ പൂര്‍ത്തിയായി. ഒന്നാം ഘട്ട പരിശീലനക്യാമ്പ് ഡിസംബര്‍ 5 മുതല്‍ 13 വരെയും രണ്ടാം ഘട്ട പരിശീലന ക്യാമ്പ് ജനുവരി 1 മുതല്‍ 7 വരെയും നടക്കും. തുടര്‍ന്ന് ജനുവരി 7 മുതല്‍ 31 വരെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള 225 ല്‍ പരം കേന്ദ്രങ്ങളില്‍ കലാജാഥയുടെ അവതരണം നടക്കും. എട്ട് വനിതകളും അഞ്ച് പുരുഷന്മാരും വീതമടങ്ങുന്ന മൂന്ന് സംഘങ്ങളാണ് ജാഥ അവതരിപ്പിക്കുക.

ജെന്‍ഡര്‍ പ്രശ്നത്തിലെ ശക്തമായ ഒരു സാംസ്കാരിക ഇടപെടലായി കലാജാഥയെ മാറ്റുകയാണ് പരിഷത്തിന്റെ ലക്ഷ്യം. ജാഥയില്‍ കലാകാരികളാകുവാന്‍, 18 നും 35നും ഇടയില്‍ പ്രായമുള്ള വനിതകളെ പരിഷത് ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447865656, 9447038195 എന്നീ നമ്പരുകളില്‍ വിളിക്കുകയോ പരിഷത് പ്രവര്‍ത്തകരെ സമീപിക്കുകയോ ചെയ്യുക.